കൊറോണ വൈറസും കുറെ സന്നദ്ധ പ്രവർത്തകരും
ലോകത്തെ മുഴുവൻ മുൾമുനയിൽ നിറുത്തിയിരിക്കുകയാണ് കോവിഡ്- 19 എന്ന കൊറോണ വൈറസ്. സാമൂഹിക അകലം പാലിക്കുയും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയുമാണ് പ്രതിരോധ മാർഗം. ഈ മഹാമാരി തടയുന്നതിന്റെ ഭാഗമായി രാജ്യമാകെ ലോക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങൾക്ക് അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നതിന് സർക്കാർ അനുമതിയില്ല. ഭക്ഷണ സാമഗ്രികൾക്കു ഓരോ കുടുംബങ്ങളും വളരെയേറെ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് എല്ലായിടത്തും, കേരളത്തിലും സമാനമായ അവസ്ഥയിലാണ്.
ഇപ്പോഴാണ് സന്നദ്ധ പ്രവർത്തനം ഊര്ജിതമാക്കേണ്ടത്, പക്ഷെ സർക്കാർ നേതൃത്വത്തിൽ അല്ലാതെയുള്ള പ്രവർത്തനങ്ങൾക്കു അനുമതിയില്ലായെന്നതിനു പരക്കെ ആക്ഷേപം ഉണ്ട്. അന്യ സംസ്ഥാങ്ങളിൽ നിന്നും ജോലിക്കു വന്നവരെ അതിഥി തൊഴിലാളികൾ എന്ന് സർക്കാർ നാമകരണം ചെയ്തിട്ടുണ്ട്. മുതലാളിമാരുടെ കീഴിൽ അല്ലാത്തവർക്ക് ഭക്ഷണം, സോപ്പ് മുതലായ അവശ്യ സാധനങ്ങൾക്ക് സഹായം നൽകേണ്ടതുണ്ട്. കേരളത്തിൽ സന്നദ്ധ പ്രവർത്തനം കാഴ്ച വെച്ച വിവിധ സംഘടനകളെ രണ്ടു പ്രളയങ്ങൾ ഉൾപ്പെടെയുള്ള ദുരന്ത മുഖത്ത് കേരളത്തിലെ ജനങ്ങൾ കണ്ടതാണ്. ഈ അവസരത്തിലും പരിശീലനം ലഭിച്ച ഇത്തരം സംഘടനകളുടെ സഹകരണം ഏറെ പ്രയോജനപ്പെടുത്താനും കഴിയും.
പക്ഷെ, സർക്കാർ എന്നത് ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. സ്വാഭാവികമായും ഇത്തരം ദുരന്ത സന്ദർഭങ്ങളിൽ തങ്ങളുടെ രാഷ്ട്രീയ സ്വാധീനം കൂടുതൽ ശക്തിപ്പെടുത്താൻ ശ്രമം നടക്കും. നാളെ പ്രസ്ഥാനത്തിന്റെ നേതൃ നിരയിലേക്ക് തിരഞ്ഞെടുക്കപ്പെടേണ്ടവർക്കുള്ള പരിശീലന കളരിയാക്കേണ്ട സാഹചര്യമല്ല ഇപ്പോൾ നിലവിലുള്ളത്. അതോ ആത്മാർത്ഥയോടെ ഇത്തരം സന്നദ്ധ പ്രവർത്തനത്തിന് തെയ്യാറാകുന്ന മറ്റുള്ളവർക്ക് ജനസമ്മതി കിട്ടുമെന്നുള്ള ആശങ്കയാണോ ഇതിനു പിന്നിൽ എന്നും സംശയിക്കാതിരിക്കാനും വയ്യ. ഇത്തരം ദുരന്തങ്ങൾ സംഭവിക്കുമ്പോൾ രാഷ്ട്രീയം കളിക്കുന്ന രീതി വളരെ മ്ലേച്ഛമാണ്. ജനങ്ങൾക്ക് ആവശ്യം സഹായമാണ്, അത് ആരിൽ നിന്നും സ്വീകരിക്കാനും അവർ തെയ്യാറാകുമ്പോൾ, അതിനു തടസ്സം സൃഷ്ടിക്കുകയാണ് സർക്കാർ ചെയ്യുന്നത്. പല കേന്ദ്രങ്ങളിലും സർക്കാർ നിലകൊള്ളുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അണികൾ അധികാരം ഏറ്റെടുത്ത സാഹചര്യമാണ്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന് സർക്കാർ നൽകുന്ന നിർദേശങ്ങൾ പാലിച്ചു കൊണ്ട് പ്രവർത്തിക്കാൻ മുന്നോട്ട് വരുന്ന സന്നദ്ധ സംഘടനകളെ പ്രവർത്തിക്കാൻ അനുവദിക്കുകയാണ് ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം.തങ്ങളുടെ പ്രവർത്തകർക്ക് മാത്രമേ സന്നദ്ധ പ്രവർത്തനം എന്തെന്ന് അറിയുകയുള്ളൂ എന്ന ഹിഡൻ അജണ്ട വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ വോട്ടർമാരിൽ സ്വാധീനം ചെലുത്താൻ വേണ്ടിയുള്ളതാണെന്ന് പറയേണ്ടി വരും. സന്നദ്ധ പ്രവർത്തനം ഊര്ജിതമാക്കുന്നതിനു കേരളത്തിലെ പരിശീലനം ലഭിച്ച സംഘടനകളെ ഉൾപ്പെടുത്തുന്നതിന് സർക്കാർ പുനരാലോചന നടത്തുമെന്നു പ്രത്യാശിക്കുന്നു.
ഷാഹീൻ നീലാടത്ത്
Comments
Post a Comment